തിരുവല്ല :
തിരുവല്ല പൊടിയാടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിയ്ക്ക് സമീപത്തെ വളവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് പോയ ടിപ്പറിന്റെ അടിയിലേക്ക് തെറിച്ച് വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്റെ പിൻചക്രം കയറിയിറങ്ങി.
തിരുവല്ല ഡിവൈഎസ്‌പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : സുഭദ്ര. മക്കള്‍ : സന്തോഷ്, ശാലിനി. മരുമക്കള്‍ : സുജിത, വിപിന്‍ദാസ്. സംസ്കാരം പിന്നീട് നടക്കും.