തിരുവല്ല :
തിരുവല്ല നഗര മധ്യത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ല പൊലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ ജെ തോമസ് ആണ് പിടിയിലായത്. തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ നടത്തിയ മോഷണ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മിഡാസ് ബ്യൂട്ടിപാർലറിൽ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ മാസം നാലാം തീയതി രാത്രി ആൽഫ ട്രേഡിങ് കമ്പനിയിൽ നടത്തിയ മോഷണത്തിനിടെ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെയും, എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെയും നേതൃത്വത്തിൽ എസ് ഐ അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്നും പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത് എന്ന് ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.