തിരുവല്ല : നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥയിൽ അംഗീകരിച്ച ഇടക്കാലാശ്വാസം തടഞ്ഞുവയ്ക്കുന്നത് നൽകുക, ജോലിയിലെ ചൂഷണം അവസാനിപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തും. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് സമീപത്ത് നിന്നും രാവിലെ 10ന് ആരംഭിക്കുന്ന മാർച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോബി ജോസഫ് ഉദ്ഘാടനം ചെയ്യും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ഇടക്കാല ആശ്വാസം മൂന്നുവർഷം പൂർത്തിയാക്കിയവരെ പിരിച്ചുവിടുമ്പോൾ തുക മുൻകൂറായി നൽകിയെന്ന് പറഞ്ഞു തിരിച്ചുപിടിക്കുന്നത് അനുവദിക്കാനാവില്ല. നേഴ്‌സിംഗ് മേഖലയിലെ മാന്യമായ വേതനം നൽകാതെയുള്ള ചൂഷണം അവസാനിപ്പിക്കണം. ഇക്കാര്യങ്ങൾ ചർച്ച നടത്താൻപോലും ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്താതെയാണ് സമരം നടത്തുന്നതെന്നും സംസ്ഥാനത്തൊട്ടാകെയുള്ള നേഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുമെന്നും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ ബഹനാൻ, ജില്ലാ സെക്രട്ടറി നൈജു ജോർജ്, ട്രഷറാർ സൗമ്യമോൾ, യൂണിറ്റ് പ്രസിഡന്റ് ജെനിസ് ജോൺ, സെക്രട്ടറി നിജോ മാത്യു, വൈസ് പ്രസിഡന്റ് ബേസിൽ ടോം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.