പത്തനംതിട്ട : ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവത്ക്കരണം സാധ്യമാക്കുന്നതിന് ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പൈപ്പ്‌ലൈനിന് വേണ്ടി റോഡ് കുഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അഴൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ സൗന്ദര്യവത്ക്കരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്ന ക്രമത്തില്‍ ഡ്രൈഡേ ആചരിക്കണം. സ്ഥിരമായ ഹോട്ട്‌സ്‌പോട്ടുകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഒക്ടോബര്‍ 1, 2 തീയതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.