പത്തനംതിട്ട :
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബോറട്ടറിയില്‍ ആധുനിക ലാബ് ഉപകരണങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനനന്‍ നായര്‍ നിര്‍വഹിച്ചു. 2023-24 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ഹെമറ്റോളജി അനലൈസറും, നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും 12.5 ലക്ഷം രൂപ വിലവരുന്ന ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറും അനുബന്ധ ഉപകരണങ്ങളുമാണ് സ്ഥാപിച്ചത്. ഇതോടുകൂടി 32 ഇനം ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാകും. ഒപി ബ്ലോക്കിന്റെ പുതിയ കെട്ടിടം പൂര്ത്തികരിക്കുന്നതോടുകൂടി കുടുംബാരോഗ്യ കേന്ദ്രമായി വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം ഉയര്‍ത്തപ്പെടും. യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി . പി. ജോണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം പി ജോസ്, എസ് ഗീതാകുമാരി , ബ്ലോക്ക് മെമ്പര്‍മാരായ പ്രസന്നരാജന്‍, കെ ആര് പ്രമോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയശ്രീ, പ്രസന്നകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജന് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് : ആധുനിക ലാബ് ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്തു
Advertisements