പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പുലര്‍ച്ചെയോടെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു. പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിനെ തിരികെ കൊണ്ടുവരാന്‍ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് രണ്ടു പോലീസുകാര്‍ പോയിട്ടുണ്ട്.
വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ ബാബുക്കുട്ടന്‍ എന്ന് വിളിക്കുന്ന അജേഷ് കുമാറി (38) നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.40 ന് മലപ്പുറം രജിസ്‌ട്രേഷന്‍ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. വിവരമറിഞ്ഞ് ജില്ലയിലെ പോലീസ് സേന മുഴുവന്‍ അന്വേഷണത്തില്‍ പങ്കാളികളായി.
ഇതിനിടെ ബാബുക്കുട്ടന്റെ മാതാവിന്റെ ഫോണിലേക്ക് തട്ടിക്കൊണ്ടു പോയവരുടേതെന്ന് കരുതുന്ന സന്ദേശം എത്തി. തങ്ങള്‍ക്ക് വേണ്ട ഒരു വീഡിയോ ബാബുക്കുട്ടന്റെ കൈവശമുണ്ടെന്നും അത് തിരികെ കൊടുത്താല്‍ വിട്ടയയ്ക്കാമെന്നുമായിരുന്നു സന്ദേശം. കിഡ്‌നാപ്പിങിന് പിന്നില്‍ ഡല്‍ഹില്‍ വ്യവസായം നടത്തുന്ന മലയാലപ്പുഴ സ്വദേശിയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാബുക്കുട്ടന് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു.
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ മുറ്റത്തെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ ഒരാള്‍ വീട്ടിലെ കോളിങ് ബെല്‍ അടിച്ചു. ബാബുക്കുട്ടന്റെ പിതാവ് ഉണ്ണികൃഷ്ണനാണ് വാതില്‍ തുറന്നത്. കാറില്‍ ഇരിക്കുന്ന ആള്‍ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്കു വന്ന ബാബുക്കുട്ടനെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിവലിയും ബഹളവും കേട്ട സമീപവാസികള്‍ ഇറങ്ങി വന്നപ്പോഴേക്കും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പോയി. സമീപവാസികള്‍ പിറകു വശത്തെ ചില്ലു തകര്‍ത്തെങ്കിലും കാര്‍ പാഞ്ഞു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പീച്ചു നിറത്തിലുള്ള ഇന്നോവ കാറിന്റെ ദൃശ്യം സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റും ഹോളോ ബ്രിക്‌സ് കമ്പനിയുടെ ഉടമയുമാണ് ബാബുക്കുട്ടന്‍. ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.