പത്തനംതിട്ട :
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി പത്തനംതിട്ട ജില്ലയില്‍ അഭിമാനകരമായി മുന്നേറുകയാണ്. 2024 ഫെബ്രുവരിയില്‍ പദ്ധതി ആരംഭിച്ചതിനു ശേഷം നവംബര്‍ മാസം വരെ 1400 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും, 1900 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിലേക്കുള്ള പ്രാഥമിക ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന നിലയും പദ്ധതി വഴി കൈവരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ എം എല്‍ എമാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വരുന്ന ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, പ്രവര്‍ത്തകര്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പിന്തുണ ഈ പദ്ധതിക്കുണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മാതൃകയില്‍ കേരളമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അഭിമാന നിമിഷത്തില്‍ നമ്മുടെ പദ്ധതിക്ക് ജില്ലയില്‍ ഏകോപനവും, ഉപദേശവും, പിന്തുണയും നല്കുന്ന പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റിന് (പി എം യു) ഒരു ജില്ലാ ഓഫീസ് പത്തനംതിട്ടയില്‍ ലഭ്യമായിരിക്കുകയാണ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്ങ് കോംപ്ളക്സിന്റെ ഒന്നാം നിലയിലുള്ള റൂം നമ്പര്‍-72 ല്‍ ലഭ്യമായിരിക്കുന്ന ഈ സ്ഥലത്ത് പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റിന്റെ ഓഫീസ് ആരംഭിക്കുകയാണ്. 2024 ഡിസംബര്‍ 5 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മുന്‍ ധനകാര്യ മന്ത്രിയും, മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരിയുമായ ഡോ. തോമസ് ഐസക്ക് ഈ ആഫീസ് ഉദ്ഘാടനം ചെയ്യും.