പത്തനംതിട്ട : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുക്കണിക്കൊപ്പം കായിക ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കണി ഒരുക്കി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
അവധിക്കാല കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ വിഷുക്കൈനീട്ടം നല്‍കുകയും കായിക താരങ്ങള്‍ക്ക് വിഷു ആശംസകള്‍ നേരുകയും ചെയ്തു. ഒപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്തു. അവധിക്കാല കായികപരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന 150 പരം കായികതാരങ്ങളും പരിശീലകനും ചടങ്ങില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ കായികതാരങ്ങളില്‍ പുതിയ ഒരു കായിക സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് രണ്ടുദിവസം മുമ്പാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയാണ് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്നത്. അവധിക്കാല കായിക പരിശീല ക്യാമ്പ് മേയ് മാസം 15ന് അവസാനിക്കും.