പന്തളം : സന്നദ്ധസംഘടനകള്‍ ജനങ്ങള്‍ക്ക് കാവലാകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. മാലിന്യമുക്ത കേരളം എന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നത്. എന്‍സിസി, എന്‍എസ് എസ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുമാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, സ്ഥാപന മേധാവികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 30ന് രാവിലെ 8.30ന് കൂട്ടനടത്തം സംഘടിപ്പിക്കും. അന്നേദിവസം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ബഹുജനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ ദിവസമായി ആചരിക്കും. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വിദ്യാധരപണിക്കര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികളും പഞ്ചായത്തംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.