പത്തനംതിട്ട :
മക്കള്‍ വിദേശത്ത് പോകുമ്പോഴും മറ്റ് ആശ്രയങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും വീടുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെ അയല്‍വാസികള്‍ ചൂഷണം ചെയ്യുന്ന സാഹചര്യമുള്ളതായി കാണുന്നുവെന്നും ഇത് ഒഴിവാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മിഷന്‍ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗം. ഏകാന്തമായി താമസിക്കുന്നവര്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതിനുള്ള സഹായ നടപടികളും ബോധവല്‍ക്കരണവും കമ്മിഷന്‍ നല്‍കി വരുന്നു. സ്വന്തം സുരക്ഷയ്ക്കായി സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകേണ്ടി വരുന്നവരുമുണ്ട്. ഇത് അനുവദിക്കില്ലെന്നും അഡ്വ. എലിസബത്ത് മാമന്‍ മത്തായി പറഞ്ഞു.
വഴിതര്‍ക്കങ്ങള്‍, മദ്യപിച്ചുള്ള ലഹളകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായി എത്തിയത്. ആകെ 57 കേസുകള്‍ പരിഗണിച്ചതില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ട് കേസുകള്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ സഹായത്തോടെ പരിഹരിക്കാന്‍ തീരുമാനമായി. ഒരെണ്ണം ജാഗ്രതാ സമിതിക്ക് റിപ്പോര്‍ട്ടിനായി അയച്ചു. 36 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.
കമ്മിഷന്‍ പാനല്‍ അഭിഭാഷകരായ അഡ്വ. സിനി, അഡ്വ. രേഖ, വനിത എ.എസ്.ഐ ശ്രീലത, കൗണ്‍സിലര്‍ നീമ ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.