മുൻ വൈരാശ്യം യുവാവിനെ കൊല്ലാൻ ശ്രമിച്ചു : കേസിൽ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട : യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത് വധശ്രമകേസിൽ അറസ്റ്റിൽ. ഉറ്റചങ്ങാതികളായി തുടരവേ മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കം പകയായി ഉള്ളിൽ സൂക്ഷിക്കുകയും, അവസരം കിട്ടിയപ്പോൾ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് സാഹസികമായി പിടികൂടിയത്. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടിൽ വിനീത് എന്ന് വിളിക്കുന്ന ജോ വർഗീസ് (32) ആണ് പിടിയിലായത്. ക്രിക്കറ്റ്‌ ബാറ്റ് കൊണ്ടുള്ള അടിയിൽ മാരകമായി പരിക്കേറ്റ കല്ലൂപ്പാറ ചെങ്ങരൂർ അടവിക്കമല കൊച്ചുപറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ശരത് കൃഷ്ണ(32)നും ഇയാളും അടുത്ത സുഹൃത്തുക്കളാണ്.

Advertisements

ഇരുവരും പുതുശ്ശേരിയിലെ ഒരു സ്പോർട്സ് ക്ലബ്ബിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതി ജോ ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റും, ശരത് മുൻ പ്രസിഡന്റ്റുമാണ്. ലോക കപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരം നടന്ന കഴിഞ്ഞ ഡിസംബർ 18 ന് രാത്രി 10 മണിക്കാണ് സംഭവം. കുറച്ച് മാസങ്ങൾക്കു മുമ്പ് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ നിന്നും ഉടലെടുത്ത വിരോധത്താൽ, പുതുശ്ശേരി എം ജി ഡി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്റെ ഒരുഭാഗത്തേക്ക് വിളിച്ചു മാറ്റിക്കൊണ്ടുപോയ ശേഷം ബാറ്റ് കൊണ്ട് തലക്കടിക്കുകയായിരുന്നു. ശക്തമായ അടിയിൽ ഇടതു ചെവിയോടുചേർന്ന ഭാഗത്ത് മുറിവുണ്ടാവുകയും, തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ശരത്തിന്റെ മൊഴിപ്രകാരം കീഴ്‌വായ്‌പ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ ജോയെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് വ്യാപിപ്പിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണ സംഘവും, വിരലടയാള വിദഗ്ദ്ധരും പോലീസ് ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും, ഫോൺ വിളി സംബന്ധമായ രേഖകൾ ലഭ്യമാക്കുകയും ചെയ്തു. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾ, ആലപ്പുഴ പട്ടണക്കാടുള്ള ഒരു ബാറിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരുന്നതായി പോലീസ് സംഘം കണ്ടെത്തി. അന്വേഷണസംഘം അവിടെയെത്തി, മൂന്ന് ദിവസത്തോളം ഹോട്ടലുകളും ഷാപ്പുകളുമൊക്കെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തതിനെതുടർന്ന്, പട്ടണക്കാട് പൊന്നാവെളിയിൽ കീർത്തി പാലസ് ബാർ ഹോട്ടലിൽ നിന്നും ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫോൺ ഉപയോഗിക്കാതെയിരുന്ന പ്രതി, ഒടുവിൽ ബാറിൽ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണിൽ വീട്ടിലേക്ക് വിളിച്ചതാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തിൽ പ്രതി കുടുങ്ങി. ഹോട്ടൽ ജീവനക്കാരെ ഫോട്ടോ കാട്ടിയപ്പോൾ അവർ തിരിച്ചറിയുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തിന് അടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീടിന് സമീപം കുറ്റിക്കാട്ടിൽ നിന്നും ബാറ്റ് പിന്നീട് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു. 2010 ൽ കീഴവായ്‌പ്പൂർ രജിസ്റ്റർ ചെയ്ത ദേഹോപദ്രവകേസിൽ ജോ വർഗീസ് പ്രതിയായിട്ടുണ്ട്. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എ എസ് ഐ പ്രസാദ്, എസ് സി പി ഓ അൻസിം, സി പി ഓ വിഷ്ണു, രതീഷ് എന്നിവർ ചേർന്ന സംഘമാണ് ശ്രമകരമായി പ്രതിയെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles