അടൂർ : വയോജനങ്ങളോട് സ്നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ പെന്ഷന് 1600 ല്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കൊടുമൺ മഹാത്മാ ജനസേവനാ കേന്ദ്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
ഒക്ടോബര്‍ ഒന്നിന്റെ അന്താരാഷ്ട്ര വയോജന ദിനം സാമൂഹിക നീതി വകുപ്പ് വിപുലമായ പരിപാടികളുടെയാണ് ആചരിച്ചത്. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കലും കലാപരിപാടികളും നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ.ഷംല ബീഗം സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ആര് ഡി ഒ തുളസീധരന്‍പിള്ള എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര് ബി രാജീവ് കുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, പാസ്റ്റര്‍ ജേക്കബ് ജോസഫ്, തോമസ് കലമണ്ണില്‍, മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, ഷംസുദ്ദീന് പി, പ്രേമ ദിവാകര്‍, മീന ഒ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.