റാന്നി : വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. എംഎല്‍എ, ജില്ലാ കളക്ടര്‍, റാന്നി കോന്നി ഡിഎഫ്ഒമാര്‍ എന്നിവര്‍ അടങ്ങുന്ന ഒരു നോഡല്‍ കമ്മറ്റി രൂപീകരിക്കും. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ആന, കടുവ, പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം നേരിടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
റാന്നി നിയോജകമണ്ഡലത്തിലെ വടശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്ത് അതിര്‍ത്തികളിലാണ് വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമായി ഉള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുക മാത്രമല്ല മനുഷ്യജീവനു തന്നെ ഇവ ഭീഷണിയായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ യോഗം വിളിച്ചത്.
സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും യോജിച്ച് വനാതിര്‍ത്തിയില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനുള്ള സോളാര്‍ വേലി ഉള്‍പ്പെടെയുള്ളവ നിര്‍മിക്കും. ഇതിന്റെ ആദ്യപടിയായി എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായും എംഎല്‍എ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍, കോന്നി അഡീഷണല്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ദിനേശ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനന്‍, ടി.കെ. ജയിംസ്, ലത മോഹനന്‍, വൈസ് പ്രസിഡന്റ് രാജന്‍ നീറം പ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.