പത്തനംതിട്ട : ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐപിഎസ്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓമാരെ നേരത്തേ അറിയിക്കണം. കൺവൻനുകൾ, മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്.
പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായും, പരിശോധനകൾ കർശനമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.