പത്തനംതിട്ട : കാലവര്‍ഷം സജീവമായ സാഹചര്യത്തില്‍ മഴക്കാല രോഗങ്ങളെ കരുതിയിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കെട്ടികിടക്കുന്ന വെളളത്തില്‍ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കള്‍ ആ വെളളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ, നേര്‍ത്ത ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു.
എലിപ്പനി രോഗലക്ഷണങ്ങള്‍
കടുത്തപനി, തലവേദന
ശക്തമായ ശരീര വേദന
കണ്ണിന് ചുവപ്പ്/മഞ്ഞ നിറം
വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം
മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം
എലിപ്പനി പ്രതിരോധിക്കാം
കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, മലിനജലവുമായി സമ്പര്‍ക്കം വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍, കൈയുറ, കാലുറ എന്നീ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും, മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുകയും ചെയ്യുക.
കെട്ടികിടക്കുന്ന വെളളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
വീടിന് പുറത്ത് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക.
പനി രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുളള ആരോഗ്യസ്ഥാപനത്തില്‍ എത്തി ചികിത്സ തേടുക.
ഏത് പനിയും എലിപ്പനിയാകാം, സ്വയം ചികിത്സ പാടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ക്കൂള് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ ജില്ലയിലെ എസ്.പി.സി, എന്‍.എസ്.എസ്. യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളെപ്പറ്റി പരിശീലനം സംഘടിപ്പിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.