പത്തനംതിട്ട : വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടൂർ ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത കൊല്ലപ്പെട്ട കേസിൽ, കുറുമ്പകര ശ്യാം രാജഭവനിൽ രാജൻ മകൻ ശ്യാംരാജ് (35 ) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായും, പ്രതികളെ ഒളിപ്പിച്ചവർക്കായും അന്വേഷണം പോലീസ് തുടരുകയാണ്. നേരത്തെ അറസ്റ്റിലായ 11 പേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് ശ്യാംരാജിന്റെ അറസ്റ്റ്.
ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ ആനന്ദന്റെ മകൻ അനീഷ്, കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ഷാജിയുടെ മകൻ ജിതിൻ, മാരൂർ കാട്ടുകാലയിൽ പൊടിയന്റെ മകൻ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനം വീട്ടിൽ ജയചന്ദ്രന്റെ മകൻ സുധീഷ്, കുറുമ്പകര പൂവണ്ണം മൂട്ടിൽ വിളയിൽ സജിയുടെ മകൻ സജിത്, മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽ മോഹനന്റെ മക്കളായ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതിൽ കുട്ടന്റെ മകൻ ഉന്മേഷ്, കുറുമ്പകര ചീനിവിള വീട്ടിൽ മോഹനന്റെ മകൻ രതീഷ്, കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽ ജലാലുദ്ദീന്റെ മകൻ അൽ ആമീൻ, മരുതിമൂട് മാഹീൻ മൻസിലിൽ ഷാനവാസ്,എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തി സുജാതയെ കൊലപ്പെടുത്തിയത്. വീട് മുഴുവനും തല്ലിതകർക്കുകയും, വീട്ടുപകരണങ്ങൾ നശിപ്പിച്ച് വീടിന് മുൻപിലുള്ള കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ വളർത്തുനായയെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കം തീർക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാൽ(24), ചന്ദ്രലാൽ(21) എന്നിവർ അവരുടെ വളർത്തു നായയുമായി എത്തി ആക്രമണം നടത്തിയതിന്റെ പ്രതികാരമായാണ് സംഘം ചേർന്ന് വീടുകയറി ആക്രമിച്ചത്. കൊലപാതകത്തെതുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ്, പ്രതികളെ പിടികൂടാൻ പ്രത്യേക ആന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി അന്വേഷണം തുടരുകയാണ്.