കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയു. കളിചിരികളിലൂടെ കുട്ടികളെ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുക്കേണ്ടത്.
ഇക്കാര്യത്തില്‍ ഐസിഡിഎസ് മുന്‍കൈയെടുത്ത് ഊരുകളില്‍ നിന്ന് കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയണം. പഠനത്തിന് സഹായകമായ അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണം.
ഏഴു വയസുവരെ പ്രായമുള്ള കുട്ടികളില്‍ പലരും അംഗന്‍വാടിയിലും സ്‌കൂളിലും എത്തുന്നില്ലെന്ന് കമ്മിഷന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു മാത്രമേ അവകാശ ബോധമുണ്ടാകുകയുള്ളു. പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ഒട്ടനവധി ക്ഷേമ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഈ ക്ഷേമ പദ്ധതികളെ കുറിച്ചെല്ലാമുള്ള വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
പട്ടികവര്‍ഗ മേഖലയില്‍ അനിവാര്യമാണ്. അതിനാല്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പറഞ്ഞു മനസിലാക്കി നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോത്ര ജീവിതത്തില്‍ ഗുണപരമായ മാറ്റം പൂര്‍ണതയില്‍ എത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എല്ലാം ജനകീയ പങ്കാളിത്തത്തോടെ കൈവരിച്ചതാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി മികച്ച പദ്ധതികളും പ്രവര്‍ത്തനവുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഗോത്ര വിഭാഗത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിന്റെ ഗുണഫലം പട്ടികവര്‍ഗ വിഭാഗം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, വാര്‍ഡ് മെമ്പര്‍ ജോജു വര്‍ഗീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍. അനില്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.