പത്തനംതിട്ട :
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ ശങ്കരൻ എന്ന് വിളിക്കുന്ന അഖിൽ കെ വി (26)യെയാണ് കീഴ്വായ്പ്പൂർ പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് നടപടി.
അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ 7 ക്രിമിനൽ കേസുകളിൽ കോടതിയിൽ കീഴ്വായ്പ്പൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാപ്പ നടപടിക്കായി ഈ കേസുകളാണ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ 6 കേസുകളിൽ കൂടി പ്രതിയാണ് ഇയാൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016 മുതൽ സ്ഥിരമായി കീഴ്വായ്പ്പൂർ, തിരുവല്ല പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകൃത്യങ്ങളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ട്, ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിച്ചുവന്ന ഇയാൾക്കെതിരെ തിരുവല്ല എസ് ഡി എം സി യിൽ, തിരുവല്ല ഡി വൈ എസ് പി 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന്, കോടതിയിൽ വിചാരണ നടന്നുവരികയാണ്. ഇയാൾക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കീഴ്വായ്പ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ ആദർശ്, എസ് സി പി ഓമാരായ അൻസിം, മനോജ്, സജി, സി പി ഓമാരായ ഷഫീക്, ടോജോ തോമസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതികളായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ നിയമമനുസരിച്ച് ശക്തമായ നടപടികൾ ജില്ലയിൽ തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.