പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോർഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി.
തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആർ (41) നെ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാൾ, 2019 ഏപ്രിൽ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാർച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവിൽ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ:ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം (പോക്സോ വകുപ്പ് 3), കൂടുതൽ രൂക്ഷമായ ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം(പോക്സോ 5 l),12 വയസ്സിനു താഴെയുള്ള കുട്ടി ഇരയാകുമ്പോൾ ( പോക്സോ 5 m), രക്തബന്ധത്തിൽ പെട്ടയാൾ ഒരു വീട്ടിൽ കഴിയുമ്പോൾ ( പോക്സോ 5 n) എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതവും, ലൈംഗികതിക്രമം (പോക്സോ വകുപ്പ് 7 ), ഒന്നിലേറെ തവണ അതിക്രമം ( 9 l), 12 വയസ്സിൽ താഴെയുള്ള കുട്ടി ( 9 m), 18 വയസ്സിൽ താഴെ ( 9 n) എന്നീ കുറ്റങ്ങൾക്ക് 5 വർഷം വീതവും, മരണഭയമുളവാക്ക (506 ഐ പി സി ) ലിന് 2 വർഷം എന്നിങ്ങനെ ആകെ 142 വർഷം കഠിനതടവാണ് വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ആകെ 5 ലക്ഷം രൂപയും ശിക്ഷിച്ചു.