പത്തനംതിട്ട : അഖിലേന്ത്യാ വർക്കിംഗ് വുമൺ കോഡിനേഷൻ( സി ഐ ടി യു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 സാർവ്വ ദേശീയ വനിതാ ദിനത്തിൽ “ഒരുമ” എന്ന പേരിൽ വനിത സമാഗമവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കലും വനിതകൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്ന വനിതാദിന സമാഗമം പന്തളം എൻ എസ് എസ് ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദ നായർ. എൻ.ഉദ്ഘാടനം ചെയ്തു. വർക്കിംഗ് വുമൺ ജില്ലാ കൺവീനർ എം. ബി. പ്രഭാവതി അധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര രേഖപ്പെടുത്തിയ വനിതകളെ സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ആദരിച്ചു.
വർക്കിംഗ് വുമൺ ജില്ലാ ജോ. കൺവീനർമാരായ ശ്യാമ ശിവൻ, മിനി രവീന്ദ്രൻ, അനിതാ ലക്ഷ്മി, സതി വിജയൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെ ആദ്യകാല വനിതാ നേതാവ് അന്നമ്മ ജോസഫ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, സാഹിത്യ നിരൂപക ബിനു. ജി. തമ്പി, കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർപേഴ്സൺ രേവതി, ഫെൻസിങ് കോച്ച് അഖില അനിൽ,മികച്ച അംഗൻവാടി വർക്കർ അവാർഡ് ജേതാവ് ലളിതഭായ് എന്നീ പ്രതിഭകളെ ആണ് ആദരിച്ചത്. തുടർന്ന് ഇ. എം. എസ്. സഹകരണ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പും നടന്നു.