ജയ്പൂർ : നമീബിയയിൽ നിന്നും രാജ്യത്തേക്ക് കൊണ്ടു വന്ന ചീറ്റകൾക്ക് ഇഷ്ടഭോജ്യമാവുമെന്ന് കരുതിയ രാജസ്ഥാനിലെ പുള്ളിമാനെ (ചിതൽ) വിട്ടു നൽകാനാവില്ലെന്ന് ബിഷ്ണോയ്‌സമുദായം. തങ്ങളുടെ ആരാധനാമൃഗമായ മാനുകളെ കുനോ നാഷണൽ പാർക്കിലേക്ക് അയച്ചതിൽ അവർ പ്രതിഷേധിക്കുകയും ചെയ്തു. രാജസ്ഥാനിൽ നിന്നും 181 മാനുകളെയാണ് കുനോ നാഷണൽ പാർക്കിലേക്ക് അയച്ചത്. രാജസ്ഥാനിൽ ചിതലുകൾ വംശനാശത്തിന്റെ വക്കിലാണെന്നും അശാസ്ത്രീയവും വിവേകശൂന്യവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അഖില ഭാരതീയ ബിഷ്ണോയ് മഹാസംഘ് പ്രസിഡന്റ് ദേവേന്ദ്ര ബിഷ്ണോയ് ആവശ്യപ്പെട്ടു.
വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നവരാണ് ബിഷ്ണോയി സമൂഹം. ചീറ്റകൾക്ക് ആഹാരമാക്കാൻ തങ്ങളുടെ പുള്ളിമാനുകളെ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. 2020 ലെ കണക്ക് പ്രകാരം രാജസ്ഥാനിൽ 3,040 പുള്ളിമാനുകൾ (ചിതലുകൾ) ഉണ്ടായിരുന്നു. രാജസ്ഥാന് പുറമേ ഹരിയാനയിലും മാനുകളെ അയക്കുന്നതിനെതിരെ ബിഷ്ണോയി സമുദായാംഗങ്ങൾ പ്രതിഷേധിച്ചു. ഫത്തേഹാബാദിലെ മിനി സെക്രട്ടറിയേറ്റിന് മുൻപിലാണ് അവർ പ്രതിഷേധിച്ചത്. അനിശ്ചിതകാല സമരം നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമീബിയയിൽ നിന്നും ഭക്ഷണമൊന്നും നൽകാതെ ഒഴിഞ്ഞ വയറുമായെത്തിയ ചീറ്റകൾക്ക് ആദ്യം നൽകിയത് ബീഫാണ്. രണ്ട് കിലോ ബീഫ് വീതമാണ് എട്ടു ചീറ്റകൾക്കും നൽകിയത്. കുനോയിലെ പുതിയ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടുവരുന്ന ചീറ്റകൾ ആഹാരം സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ എട്ടെണ്ണത്തിൽ ഏഴ് ചീറ്റകളും ബീഫ് കഴിക്കാൻ കൂട്ടാക്കി. ഞായറാഴ്ച വൈകിട്ടാണ് ആദ്യ ഭക്ഷണം ചീറ്റകൾക്ക് നൽകിയത്. എന്നാൽ ചില ചീറ്റകൾ ഭക്ഷണം മുഴുവൻ കഴിച്ചില്ല. എന്നാൽ ഇതിൽ അസ്വാഭാവികത ഇല്ലെന്ന് അധികൃതർ പറഞ്ഞു. സാധാരണ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുന്ന ജീവികളാണ് ചീറ്റകൾ.
ചീറ്റകളെ സംരക്ഷിക്കാൻ രണ്ട് കരുത്തരായ ആനകളെയും അധികൃതർ കൊണ്ടു വന്നിട്ടുണ്ട്. നർമ്മദാപുരത്തെ സത്പുര ടൈഗർ റിസർവിലെ രണ്ട് ആനകളെയാണ് ഇതിനായി എത്തിച്ചത്. കഴിഞ്ഞ മാസമാണ് ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ കുനോയിൽ എത്തിച്ചത്. ഈ മേഖലയിൽ അഞ്ചോളം പുള്ളിപ്പുലികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചീറ്റപ്പുലികൾക്കായി തിരിച്ച മേഖലയിൽ അടുത്തിടെ എത്തിയ അഞ്ച് പുള്ളിപ്പുലികളിൽ നാലെണ്ണത്തെയും ഈ രണ്ട് ആനകൾ ഇടപെട്ടാണ് തുരത്തിയത്. ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും ഇപ്പോൾ രാവും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ആനകളും വനപാലകരോടൊപ്പം പട്രോളിംഗ് നടത്തി മറ്റ് വന്യമൃഗങ്ങളൊന്നും ചുറ്റുമതിലിലേക്കോ പരിസരത്തോ വരുന്നില്ലെന്ന് ഉറപ്പാക്കുന്നു.