തിരുവല്ല : പുളിക്കീഴ് പൊടിയാടിയിൽ വാക്കുതർക്കത്തെതുടർന്ന് തലയ്ക്ക് വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷി (40) നാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊടിയാടി ശാരദാനിലയം വീട്ടിൽ പുരുഷോത്തമൻ പിള്ളയുടെ മകൻ സന്തോഷ് കുമാർ (47)നെ പോലീസ് പിടികൂടി. രാജേഷും സന്തോഷും സുഹൃത്തുക്കളായിരുന്നു, ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ തർക്കങ്ങൾ നിലവിലുള്ളതായി പറയപ്പെടുന്നു.
ഇന്നലെ ഉച്ചയ്ക്ക് പുളിക്കീഴ് പാലത്തിനടുത്തുവച്ച് സ്കൂട്ടറിലെത്തിയ പ്രതി സംസാരിച്ച് വാക്കുതർക്കമുണ്ടായതിനെതുടർന്ന് മുൻവൈരാഗ്യത്താൽ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്, സ്വന്തമായി വീടില്ല ഓട്ടോയിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം. പുളിക്കീഴ് പാലത്തിന് സമീപത്തുള്ള സ്റ്റാന്റിലാണ് ഓടുന്നത്. രാജേഷിനെ പരിക്കേൽപ്പിച്ചശേഷം സ്ഥലത്തുനിന്നും കടന്ന സന്തോഷിനെ വീട്ടിൽ നിന്നും ഉടനടി പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലിചെയ്തിരുന്ന സി പി ഓ രതീഷിനെ തദ്ദേശവാസികളിലൊരാൾ വെട്ടുനടന്ന കാര്യവും ഒരാളെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടതായും അറിയിച്ചതിനെതുടർന്ന് രതീഷ് പുളിക്കീഴ് എസ് ഐ കവിരാജനെ അറിയിച്ചത് പ്രതിയെ അതിവേഗം പിടികൂടാൻ ഇടയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിന് അവസരം കൊടുക്കാതെ എസ് ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണ് ഇയാളുടെ കാലിൽ മുറിവുപറ്റി. എസ്ഐ ക്കൊപ്പം എഎസ്ഐ അനിൽ കുമാർ, എസ് സി പി ഓ ഗിരീജേന്ദ്രൻ, സി പി ഓ രെജു എന്നിവരും ഉണ്ടായിരുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും മറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്നും പ്രതി വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി, വിറകുകഷ്ണം, ചെരിപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു തുടർന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.