കേരളത്തിന് വീണ്ടും അഭിമാനം; പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ ജല അവാർഡ്

ദില്ലി: ദേശീയ ജല അവാർഡ് പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്ബാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി പി. സുനില്‍ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്നും സ്വീകരിച്ചു. വിജ്ഞാൻ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരമാണ് സ്വീകരിച്ചത്. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ
ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിച്ചതാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.

Advertisements

വാമനപുരം ബ്ലോക്കില്‍പ്പെട്ട പുല്ലൻപാറ പഞ്ചായത്ത്‌ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്താണ്. മൂന്നാമത് ദേശീയ ജല അവാർഡില്‍ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരവും തിരുവനന്തപുരത്തിനായിരുന്നു. ‘പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മ ‘ എന്നതായിരുന്നു പ്രകൃതി സംരക്ഷണത്തിന് പഞ്ചായത്ത് നല്‍കിയ ആപ്തവാക്യം. നവകേരളം കർമ്മ പദ്ധതിയുടെ കീഴില്‍, ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട പദ്ധതി ഒരുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ, കാർഷിക വിദഗ്ധനായ പ്രശാന്ത്, ജി ഐ എസ് വിദഗ്ധനായ ഡോ.ഷൈജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് നീരുറവ് എന്ന നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2021 ഓഗസ്റ്റില്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് 2023 മാർച്ചില്‍ കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി.

Hot Topics

Related Articles