തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനക്കോട്ടയായ പുന്നത്തൂർ കോട്ടയിലെ കൊമ്ബൻ അച്യുതൻ ചരിഞ്ഞു. 51 വയസായിരുന്നു. ക്ഷീണത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദഗ്ദ്ധ സംഘം ചികിത്സിച്ചെങ്കിലും ഇന്ന് രാത്രി 7.30ഓടെ ആന ചരിഞ്ഞു. പുന്നത്തൂർ കോട്ടയിലെ ആനകളിൽ അച്യുതൻ എന്ന് പേരുളള ആനകളിൽ വലിയതാണ് സീനിയർ അച്യുതൻ. ബിഹാറിൽ നിന്ന് കേരളത്തിലെത്തിയ അച്യുതൻ 1971ലാണ് ജനിച്ചത് എന്നാണ് കരുതുന്നത്. 1998ൽ പാലക്കാട് സ്വദേശിയായ കൃഷ്ണയ്യർ കേരളത്തിലെത്തിച്ചു. തൃശൂർ കരുവന്നൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ 1999 ഏപ്രിൽ 18ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തി.
ഗുരുവായൂർ ക്ഷേത്ര ചടങ്ങുകളെക്കുറിച്ച് നന്നായറിയാവുന്ന ആനയായിരുന്ന അച്യുതന് നല്ല നിറവും നീളമേറിയ തുമ്ബിക്കൈയും ഉയർന്ന വായുകുംഭവും നല്ല തലക്കുനിയും ഉണ്ടായിരുന്നു. ഗുരുവായൂർ ആനയോട്ടത്തിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.