പുതുപ്പള്ളിയിൽ ദിശതെറ്റിച്ചെത്തിയ കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ചു; അപകടത്തിൽ വാകത്താനം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം ആറു യാത്രക്കാർക്ക് പരിക്ക്

കോട്ടയം: പുതുപ്പള്ളിയിൽ ദിശ തെറ്റിച്ചെത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് അടക്കം ആറു പേർക്ക് പരിക്കേറ്റു. കോട്ടയം ഭാഗത്ത് നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസും, കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കോട്ടുങ്കൽ ബസുമാണ് ഇടിച്ചത്. വളവിൽ തെറ്റായ ദിശയിൽ അമിത വേഗത്തിൽ എത്തിയ കാറിൽ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ നിന്നും എത്തിയ കളത്തിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കളത്തിലിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പുതുപ്പള്ളി റൂട്ടിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles