കോട്ടയം : രോഗബാധിതയായ യുവതിയുടെ ചികിത്സയ്ക്കായി നാട് ഒന്നിച്ച് കൈകോർത്തു നിന്ന നാലുമണിക്കൂർ കൊണ്ട് അക്കൗണ്ടിലെത്തിയത് 21 ലക്ഷം രൂപ. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തച്ചുകുന്ന് കോയിക്കൽ വീട്ടിൽ വിമൽകുമാറിന്റെ മകൾ അഞ്ജനയുടെ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ഒന്നിച്ചത്. എട്ട് വാർഡുകളിൽ നിന്നായി നാലു മണിക്കൂർ കൊണ്ട് 21 ലക്ഷം രൂപയാണ് നാട്ടുകാർ സമാഹരിച്ചത്. തുക കുട്ടിയുടെ കുടുംബത്തിന് കൈമാറി. ജീവൻ രക്ഷാസമിതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ജനറൽ കൺവീനർ സുഭാഷ് പി വർഗീസ്, ഫാദർ സെബാസ്റ്റ്യൻ പുന്നശ്ശേരി, വാർഡ് മെമ്പർ ജിനുകെ പോൾ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമോദ് കുര്യാക്കോസ്, ജോൺ ബേബി, സജേഷ് തങ്കപ്പൻ അനീസ് സിജി, എംജി നൈനാൻ തുടങ്ങിയവർ പ്രവർത്തനങ്ങൾ നേതൃത്വം നൽകി.