പുതുപ്പള്ളി: അഭ്യൂഹങ്ങളെല്ലാം പുതുപ്പള്ളിയുടെ മനസിൽ ഇന്നലെ വരെ ഒരു നൊമ്പരമായിരുന്നു. ആരാണ് തങ്ങൾക്ക് ആ നരച്ചമുടിക്കാരനെന്ന് പുതുപ്പള്ളിയിലെ ഒരു കുഞ്ഞിന് പോലും വിശദീകരിക്കാനാവുമായിരുന്നില്ല. ചികിത്സിയ്ക്കുന്നില്ല, മിണ്ടുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല.. ഗുരുതരാവസ്ഥയിൽ.. വാർത്തകളിൽ നിറഞ്ഞു നിന്ന ആശങ്കകളെല്ലാം പുതുപ്പള്ളിയിലെ ഇളംകാറ്റിന്റെ ഹൃദയമിടിപ്പിനെ പോലും താളം തെറ്റിച്ചിരുന്നു. നേതാക്കളെല്ലാം ആലുവയിലെത്തിക്കണ്ടപ്പോഴും, പിറന്നാൾ ദിനത്തിൽ ഒരിക്കൽ പോലും മാറ്റി വയ്ക്കാത്ത പുതുപ്പള്ളി പള്ളിയുടെ നടകയറ്റം മാറ്റി വച്ചപ്പോൾ കുഞ്ഞൂഞ്ഞിനിതെന്തു പറ്റിയെന്ന് പുതുപ്പള്ളി രാഷ്ട്രീയം മാറ്റി വച്ച് ഒന്ന് ആശങ്കപ്പെട്ടു. ആ ആശങ്കയെ ആശ്വാസമാക്കിമാറ്റിയാണ് ആൾക്കൂട്ടത്തിന്റെ മധ്യത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന പുതുപ്പള്ളിക്കാരൻ ഇന്നലെ ഇവിടെയെത്തിയത്.
ഒന്നുമില്ല, കുഞ്ഞൂഞ്ഞിനൊന്നുമില്ലന്നു കാണിക്കുന്നതിനു വേണ്ടി മാത്രമല്ല.. എന്നും ഒപ്പമുള്ള നാടിന്റെ പ്രാർത്ഥനയുടെ കരുത്ത് കാട്ടുന്നതിനു വേണ്ടി കൂടിയാണ് ആ പുതുപ്പള്ളിക്കാരൻ ഇന്നലെ ചങ്കുംകരളുമായ നാട്ടിലേയ്ക്കെത്തിയത്. എട്ടുപതിറ്റാണ്ടിന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഈ നാടിനെ മറന്ന് ഉമ്മൻചാണ്ടി ജീവിച്ചിട്ടുണ്ടാകില്ല. ഉമ്മൻചാണ്ടിയെ മറന്ന് നാടും. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഉമ്മൻചാണ്ടി പുതുപ്പള്ളി തന്നെയാണ്. ആ ആത്മബന്ധം തന്നെയാണ്, കേരളത്തിൽ മറ്റൊരു രാഷ്ട്രീയക്കാരനും അവകാശപ്പെടാനില്ലാത്ത വോട്ടുബന്ധത്തിലേയ്ക്കു കുഞ്ഞൂഞ്ഞിനെ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളിയുടെ രാഷ്ട്രീയം പലതുണ്ടാകും, പക്ഷേ, വോട്ടിംങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും മറ്റെല്ലാ പേരുകളും പുതുപ്പള്ളിയിൽ മാഞ്ഞില്ലാതാകുന്നത് ഉമ്മൻചാണ്ടി ഇഫക്ട് ഒന്നുകൊണ്ടു മാത്രമാണ്. ഈ സ്നേഹമാണ് ചികിത്സയ്ക്കായി ജർമ്മനിയിലേയ്ക്കു പോകും മുൻപ് വിശ്രമം അത്യവശ്യമായിട്ടു പോലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ എത്തിച്ചത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്ന ചർച്ചകളെല്ലാം. ഈ ചർച്ചകൾക്കിടയിലാണ് ഇന്നലെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി എത്തിയത്. പുതുപ്പള്ളി പള്ളിയിലും, മണർകാട് പള്ളിയിലും , പാമ്പാടി ദയറാ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് ഉമ്മൻചാണ്ടി മടങ്ങിയത്. നവംബർ ഏഴിന് തിരുവനന്തപുരത്തു നിന്നും ജർമ്മനിയിലേയ്ക്ക് അദ്ദേഹം ചികിത്സയ്ക്കു മടങ്ങും.