കോട്ടയം: നിയോജകമണ്ഡലങ്ങളിലെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള വേദികളായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മണ്ഡലങ്ങൾ തോറും നടക്കുന്ന ബഹുജന സദസ് മാറുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഡിസംബർ 12 ന് പാമ്പാടിയിൽ നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലം ബഹുജന സദസിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള 5000 പേർ പങ്കെടുക്കും. മണ്ഡലത്തിനെ
സംബന്ധിച്ച് പ്രശ്നങ്ങൾക്ക് അവിടെ തന്നെ നിവേദനം നൽകാനും അവിടെ വച്ച് തന്നെ പരിഹരിക്കാനും അവസരമുണ്ട്. ക്യാബിനറ്റ് തലത്തിൽ തീരുമാനമെടുക്കേണ്ടവ നടപടിക്കായി പ്രത്യേകം പരിശോധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹുജന സദസിന്റെ മുന്നൊരുക്കമെന്ന നിലയിൽ ഒക്ടോബർ 15 മുതൽ വീട്ടുമുറ്റ സദസ് സംഘടിപ്പിക്കും. 25 മുതൽ 50 വരെയുള്ള വീടുകൾ ചേർന്നാണ് ഇത് നടത്തുക.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങിൽ അധ്യക്ഷയായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ (അകലക്കുന്നം), ഷീല ചെറിയാൻ(കൂരോപ്പട ), ഡാലി റോയി (പാമ്പാടി), കെ.സി. ബിജു(മണർകാട് ),
പൊന്നമ്മ ചന്ദ്രൻ(പുതുപ്പള്ളി), റോസമ്മ മത്തായി( വാകത്താനം,
ബി.ഡി.ഒമാരായ ഇ. ദിൽഷാദ്, ബി. ഉത്തമൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ചെയർമാനായും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം വൈസ് ചെയർപേഴ്സണായും
എൽ. എ. ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി ജനറൽ കൺവീനറായും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ഇ. ദിൽഷാദ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ബി. ഉത്തമൻ എന്നിവർ ജോയിന്റ് കൺവീനറായും പുതുപ്പള്ളി നിയോജക മണ്ഡലം ബഹുജന സദസ് സംഘാടക സമിതി രൂപീകരിച്ചു.