കോട്ടയം : പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള നിർണ്ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാത്രിയിൽ നടക്കും. റെജി സഖറിയയുടെയും ജെയ്ക് സി. തോമസിന്റെയും പേരുകളാണ് സി പി എം പരിഗണിക്കുന്നത്. ഈ പേരുകൾ അടങ്ങിയ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് നൽകും. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ പട്ടികയിൽ നിന്നും ഒരു പേരിന് അംഗീകാരം നൽകും. ഇതിനുശേഷം 11ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
റെജി സഖറിയയുടെ പേരിനാണ് സി പി എം ജില്ലാ നേതൃത്വം മുൻ തുക്കം നൽകുന്നത്. ഓർത്തഡോക്സ് സഭ അംഗം എന്നതാണ് സി പി എം മുൻ തൂക്കം നൽകുന്നത്. മന്ത്രി വി.എൻ വാസവന്റെ അടക്കം പിന്തുണ റെജി സഖറിയയ്ക്കായ് കാണാം. എന്നാൽ , സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്നും ജെയ്ക് സി തോമസ് മത്സരിക്കണമെന്ന് നിർദ്ദേശവും ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ മാത്രമേ ജെയ്ക് സ്ഥാനാർത്ഥിയാകൂ എന്നാണ് സി പി എം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ റെജി സക്കറിയ തന്നെ പുതുപ്പള്ളി സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന സൂചന. ആഗസ്റ്റ് 11ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും സിപിഎം വൃത്തങ്ങൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ റെജി സക്കറിയയാണ് ഏറ്റവും ഉചിതമായ സ്ഥാനാർത്ഥി എന്നാണ് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. ഓർത്തഡോക്സ് വിഭാഗക്കാരനായ റെജി മത്സരിക്കുന്നത് നിലവിൽ സിപിഎമ്മിനൊപ്പം നിൽക്കുന്ന യാക്കോബായ വിഭാഗത്തിന്റെ വോട്ടുകൾ ലഭിക്കുന്നതിനും ഓർത്തഡോക്സ് വോട്ടുകൾ ഭിന്നിക്കുന്നതിനും ഇടയാകും എന്നും സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.
നേരത്തെ പുതുപ്പള്ളിയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ആയിരുന്ന റെജി സഖറിയയെ ഈ സ്ഥാനത്തുനിന്ന് സിപിഎം മാറ്റിയിരുന്നു. മറ്റ് ഉയർന്ന ചുമതലകൾ റെജിക്ക് നൽകേണ്ടത് കൊണ്ടാണ് സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ സിപിഎമ്മിന്റെ ഉന്നതനായ നേതാവ് വിശദീകരിച്ചത്. അതുകൊണ്ടുതന്നെ റെജിയെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് സിപിഎം ജില്ലാ നേതൃത്വത്തിന് താല്പര്യം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യമുന്നണിയാണ്. ഇതും എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് കനം വയ്പ്പിക്കുന്നു.