ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചാണ് പുടിൻ പിന്തുണയറിയിച്ചത്. ആക്രമണം നടത്തിയവരെയും പിന്നിൽ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 26 പേരുടെ ജീവൻ നഷ്ടമായതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. വിജയ ദിനത്തിന്റെ 80-ാം വാർഷികാഘോഷത്തിൽ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾ സജീവമായി നിലനിൽക്കെ, പാകിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണവുമായി രംഗത്തെത്തി. 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയതന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നീക്കം.