നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അനുകൂല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ‘അൻവർ ഇഫക്റ്റ്’ എന്ന് പറഞ്ഞുഫലിപ്പിച്ച തിരഞ്ഞെടുപ്പിൽ പക്ഷെ ആവേശപൂർവം ജനങ്ങൾ വോട്ട് ചെയ്‌തെന്നും അൻവർ പറഞ്ഞു. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവർ ആണ് ഈ കണക്കുകൾക്ക് മറുപടി പറയേണ്ടത് എന്നും പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ഉയർന്നു എന്നും അൻവർ കൂട്ടിച്ചേർത്തു. തനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്നാണ്. പുരുഷന്മാരെക്കാൾ 12,651 സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്തു. 2021 നേക്കാൾ 1,224 വോട്ട് അധികം ഉണ്ടായിയെന്നും പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും എണ്ണം കൂടുമെന്നും അൻവർ അവകാശപ്പെട്ടു.
75,000 വോട്ട് വാങ്ങി താൻ ജയിക്കും എന്നുതന്നെയാണ് അൻവറിന്റെ ആത്മവിശ്വാസം. വന്യമൃഗ ശല്യത്തിൽ വലയുന്ന 50 ശതമാനത്തിൽ അധികം നിഷ്പക്ഷ വോട്ടർമാരുണ്ട്. അവരിലാണ് തന്റെ പ്രതീക്ഷ. ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടും അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടായാൽ താൻ നിസഹായനാണ് എന്നും അൻവർ പറഞ്ഞു. താൻ ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്. എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും വോട്ടുകൾ പിടിക്കുമെന്നും അതിൽത്തന്നെ എൽഡിഎഫിൽ നിന്നാകും കൂടുതൽ വോട്ട് പിടിക്കുക എന്നും അൻവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫിന് നിരുപാധിക പിന്തുണ നൽകാനിരുന്ന തന്നെ വി ഡി സതീശൻ പെടലിക്ക് പിടിച്ച് പുറത്താക്കിയെന്നും അൻവർ കുറ്റപ്പെടുത്തി. തുടർന്ന് അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള തീരുമാനത്തിനെതിരെയും അൻവർ രംഗത്തുവന്നു. അജിത് കുമാറിന് 30 വർഷ സർവീസ് ഇല്ല. എന്നിട്ടും ഡിജിപി ആക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സുജിത്ത് ദാസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ചേർന്നുള്ള ഓഫീസിലാണ് നിയമനം നൽകിയത്. സുജിത്തിനെതിരെയുള്ള മരംമുറി കേസ് അട്ടിമറിച്ചുവെന്നും കേസ് അന്വേഷിക്കാൻ പോലും തയ്യാറായില്ല എന്നും അൻവർ ആരോപിച്ചു.
പിണറായിസത്തിന്റെ തകർച്ച നിലമ്പൂരിൽ നിന്നാകുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ രണ്ട് പിണറായിമാരാണ് മത്സരിച്ചത്. ഒളിഞ്ഞ പിണറായിയും തെളിഞ്ഞ പിണറായിയും. താൻ ജയിച്ചില്ലങ്കിലും തെളിഞ്ഞ പിണറായിയെക്കാൾ ഒളിഞ്ഞ പിണറായി ജയിക്കുന്നതാണ് നല്ലത് എന്നും അൻവർ പറഞ്ഞു.
ജൂൺ 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.
മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡ് വരുമെന്നുമാണ് വിലയിരുത്തല്‍.
എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കും. എന്നാല്‍ അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ വോട്ട് നില എല്‍ഡിഎഫിന് ഒപ്പമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേടുന്ന വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി അന്‍വറിലൂടെ എല്‍ഡിഎഫിലെത്തിയ വോട്ടുകളാകും പി വി അന്‍വര്‍ പിടിക്കുകയെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
എം സ്വരാജ് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. എം സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകള്‍.