നിലമ്പൂർ : നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കാറ്റ് വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്.
വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിരുന്നാലും അൻവറിനെ പ്രകോപിപ്പിക്കാതെയാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്.
പക്ഷേ വി.ഡി സതീശന്റെ അടവ് നയം ഏറ്റുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വി ഡി സതീശന് വീഴ്ച പറ്റിയെന്ന അഭിപ്രായം ലീഗിനുണ്ട്. അൻവർ മത്സരിക്കാൻ തന്നെയാണ് സാധ്യത. അതിനുള്ള പ്രചാരണ പരിപാടികൾ അൻവർ ആസൂത്രണം ചെയ്യുന്നുണ്ട്.
നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് പുതിയ നീക്കം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.