പുനെ: സൈബർ തട്ടിപ്പിൽ പൊലീസുകാരന് നഷ്ടമായത് 2.30 ലക്ഷം രൂപ. പുനെയിലെ സസ്വാദിലാണ് സംഭവം. ബേക്കറിയിൽനിന്ന് പലഹാരം വാങ്ങി ബില്ലടയ്ക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പിനിരയായത്. പണം നൽകാനായി ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 18,755 രൂപ അനധികൃതമായി ഡെബിറ്റ് ചെയ്യപ്പെട്ടതായി പൊലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ഇടപാടിൽ പരിഭ്രാന്തനായ അദ്ദേഹം തൻ്റെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ശമ്പള അക്കൗണ്ടിൽ നിന്ന് 12,250 രൂപ ഉൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ നടന്നതായി കണ്ടു. അക്കൗണ്ടിൽ 50 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്.
സ്വർണപ്പണയ അക്കൗണ്ടിൽ നിന്ന് 1.9 ലക്ഷം രൂപയുടെ ഇടപാടിന് ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അറിയിപ്പ് ലഭിച്ചതോടെ കൂടുതൽ പരിഭ്രാന്തിയിലായി. ഒടിപി നൽകാതെ തന്നെ ഇടപാട് വിജയകരമായി പൂർത്തിയാക്കി. കൂടാതെ, തട്ടിപ്പുകാർ ഇയാളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് 14,000 രൂപയുടെ രണ്ട് ഇടപാടുകൾ നടത്താൻ ശ്രമിച്ചു. ഭാഗ്യവശാൽ, തൻ്റെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡും മരവിപ്പിച്ചിരുന്നതിനാൽ കൂടുതൽ പണം നഷ്ടമായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം പുരോഗമിക്കുകയാണ്, എ പി കെ ഫയൽ വഴി കോൺസ്റ്റബിളിൻ്റെ മൊബൈൽ ഫോണിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാർ പ്രവേശനം നേടിയതിനാലാണ് പണം നഷ്ടമായതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ലിങ്കിൽ കോൺസ്റ്റബിൾ അറിയാതെ ക്ലിക്ക് ചെയ്തതാകാം പണം നഷ്ടമാകാനുള്ള കാരണമെന്നും സംശയിക്കുന്നു. എപികെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ക്യുആർ കോഡിൽ കൃത്രിമം കാണിച്ചതാണോ അതോ തട്ടിപ്പുകാർ മറ്റ് തന്ത്രങ്ങൾ പ്രയോഗിച്ചതാണോ എന്ന് കണ്ടെത്താൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.