ചണ്ഡിഗഢ്: അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി ഹരിയാനയിലെ 500 കോളേജ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. സിര്‍സയിലുള്ള ചൗധരിദേവി ലാല്‍ സര്‍വകലാശാലയിലെ അദ്ധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എല്‍. ഖട്ടറിനും കത്തയച്ചു. ഹരിയാന ഗവര്‍ണര്‍ ബഡാരു ദത്തത്രേയ, വൈസ് ചാൻസലര്‍ ഡോ. അജ്മര്‍ സിംഗ് മാലിക്ക്, ആഭ്യന്തരമന്ത്രി അനില്‍ വിജ്. ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ രേഖാ ശര്‍മ്മ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാദ്ധ്യമങ്ങള്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് കൈമാറി. ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ടോയ്ലെറ്റിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ആരോപണം. പ്രതികരിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും മാസങ്ങളായി ഇത് തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചതായും ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്റെയും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.