കോട്ടയം : കാർഷിക മേഖലയുൾപ്പെടെ കോർപ്പറേറ്റുകൾ തീറെഴുതുന്ന മോദി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കർഷരുടെ പ്രതിഷേധം. ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ‘കോർപറേറ്റ് ക്വിറ്റ് ഇന്ത്യ’ സമരത്തിൽ നൂറുകണക്കിന് കർഷകരാണ് പങ്കെടുത്തത്. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്ന് ഉജ്വല മാർച്ചോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു കർഷക മാർച്ച്.
തുടർന്ന് നടന്ന ധർണ ജനതാദൾ എസ് അഖിലേന്ത്യാ സെക്രട്ടറി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ എൻ ദാസപ്പൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, കേരളാ കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി കെ ആനന്ദക്കുട്ടൻ, ജെഡിഎസ് ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ, കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ജോസഫ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, സിപിഐ എം എൽ ജില്ലാ സെക്രട്ടറി എം കെ ദിലീപ്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ജിയാസ് കരീം, നാഷണലിസ്റ്റ് കർഷകസംഘം ജില്ലാ പ്രസിഡന്റ ജോർജ് എം തോമസ്, സിപിഐ ജില്ലാ അസി. സെക്രട്ടറി മോഹൻ ചന്ദംകുളം എന്നിവർ സംസാരിച്ചു. കിസാൻ മോർച്ച ദേശീയ സമിതി ആഹ്വാനപ്രകാരം ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലായിരുന്നു സമരം.