ഖത്തർ ലോകകപ്പ് അവസാനിക്കുമ്പോൾ ഇങ്ങ് കൊച്ചുകേരളത്തിലും കളിയഴകിനെ ആരാധിക്കുന്ന കാൽപ്പന്തു പ്രേമികളുടെ കണ്ണീർ വീഴുമെന്നുറപ്പാണ്. കാൽപന്തു കളിയുടെ ദൈവങ്ങളായി കരുതി ലോകമെങ്ങും ആരാധിക്കപ്പെടുന്ന ഒരുപിടി ഇതിഹാസങ്ങളുടെ അവസാന ലോകകപ്പാകും ഇതെന്നത് നെഞ്ചുനീറ്റുന്ന യാഥാർത്ഥ്യമാണ്. ആറു തവണ ബാലൺഡിയോറിൽ മുത്തമിട്ട ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ കരിയറിലെ അവസാന കാലത്താണ് പന്തു തട്ടുന്നത്. ഒപ്പം ബ്രസീലിയൻ സ്ട്രൈക്കറും സൂപ്പർതാരവുമായ നെയ്മറും ഖത്തറിലേത് തന്റെ അവസാന ലോകകപ്പാകുമെന്ന് പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു.
പറങ്കിപ്പടയ്ക്കായി ക്രിസ്റ്റ്യാനോ
നിറയൊഴിക്കുമോ?
ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ 37കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഈ ലോകകപ്പ് നിലനിൽപ്പിന്റെ പോരാട്ടമാണ്. തുടർച്ചയായ 5 ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ ഫുട്ബോളറെന്ന നാഴികക്കല്ലും ഇതിഹാസ താരത്തിന്റെ കയ്യെത്തും ദൂരത്താണ്. ക്ലബ്ബ് ഫുട്ബോളിൽ പിന്നിട്ട രണ്ടു വർഷങ്ങളും പറങ്കിപ്പടയുടെ നായകന് കയ്പുനിറഞ്ഞതായിരുന്നു. പഴയ പോരാട്ട വീര്യം റീലോഡ് ചെയ്ത് ഗോൾപോസ്റ്റുകളിൽ തുരുതുരെ നിറയൊഴിക്കുന്ന റൊണാൾഡോയെ ഖത്തറിലെ ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. ഇക്കുറി പോർച്ചുഗലോ അർജന്റീനയോ ലോകകപ്പിൽ മുത്തമിടണം എന്നതാണ് പന്തുകളി ആരാധകരുടെ വലിയ സ്വപ്നം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പുമായി
വിടവാങ്ങുമോ മെസ്സി?
ചരിത്രത്തിലാദ്യമായി 6 ബാലൺഡിയോർ പുരസ്കാരങ്ങളുമായി ഖത്തറിൽ നിറഞ്ഞുകളിക്കാൻ തന്നെയാണ് ലയണൽ മെസ്സിയുടേയും കൂട്ടരുടേയും വരവ്. കഴിഞ്ഞ ലോകകപ്പിന് ശേഷം അപരാജിതരായി 36 മത്സരങ്ങൾ പൂർത്തിയാക്കിയെന്ന റെക്കോർഡും അവർക്ക് സ്വന്തമായുണ്ട്. പ്രായം 35ലെത്തിയെങ്കിലും ഗോളടിയും അതിലുപരി അസിസ്റ്റുകളുമായി കളംനിറഞ്ഞു കളിക്കുന്ന മെസ്സിയിലും, ബ്രസീലിനെ വീഴ്ത്തി കോപ്പ അമേരിക്ക കീരീടം ചൂടിയ നീലപ്പടയിലും ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ക്രിസ്റ്റ്യാനോയുടെ നിഴലിൽ നിന്ന് മാറി എക്കാലത്തേയും മികച്ച ഫുട്ബോളറാകാനുള്ള സുവർണാവസരമാണ് മെസ്സിക്ക് കൈവന്നിരിക്കുന്നത്.
സൂക്ഷിച്ചോളൂ, നെയ്മർ
പഴയ നെയ്മറല്ല!
പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം കോപ്പ അമേരിക്ക ഫൈനൽ വരെയെത്തി പടിക്കൽ കലമുടച്ചാണ് ലോകത്തെ ഒന്നാം നമ്പർ ടീമായ ബ്രസീൽ ലോകകപ്പിനെത്തുന്നത്. അവസാന ലോകകപ്പ് കളിക്കുന്ന നെയ്മർ ജൂനിയറിനായി ഇക്കുറി കപ്പടിക്കുമെന്നാണ് യുവതാരമായ റോഡ്രിഗോ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കാറ്റടിച്ചാൽ വീഴുന്ന പഴയ കൗമാരക്കാരനെന്ന പരിഹാസത്തിന്, സമീപകാലത്ത് പിഎസ്ജിയിലും ദേശീയ ടീമിലും നടത്തുന്ന പക്വതയാർന്ന പ്രകടനങ്ങളിലൂടെ താരം മറുപടി നൽകിയിട്ടുണ്ട്. ഇക്കുറി ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമും നെയ്മറുടെ മഞ്ഞപ്പടയാണ്.
കാണാം യുവപ്രതിഭകളുടെ വിളയാട്ടം!
ലോക ഫുട്ബോളിൽ 2008 മുതൽ 2018 വരെ കണ്ട മെസ്സി-ക്രിസ്റ്റ്യാനോ സമഗ്രാധിപത്യത്തിന് ഇക്കുറി മാറ്റം വന്നിട്ടുണ്ട്. പ്രതിഭാധനരായ ഒത്തിരി യുവതാരങ്ങൾ ഖത്തറിലും പന്തു തട്ടുന്നുണ്ട്. റഷ്യൻ ലോകകപ്പിൽ അവസരം ലഭിക്കാത്ത കരീം ബെൻസിമ, ഫ്രാൻസിന് ലോകകിരീടം സമ്മാനിച്ച എംബാപ്പെ, സ്പാനിഷ് താരങ്ങളായ പെഡ്രി, അൽവാരോ മൊറാറ്റ, ഫെറാൻ ടോറസ്, ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്, ബ്രസീലിയൻ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ, പോർച്ചുഗീസ് താരം ജാവോ ഫെലിക്സ്, ബെൽജിയൻ മിഡ് ഫീൽഡർ കെവിൻ ഡിബ്രൂയിൻ, പോളണ്ടിന്റെ ഗോൾമെഷീൻ റോബർട്ട് ലെവൻഡോസ്കി.. എന്നിങ്ങനെ നോക്കിവെക്കേണ്ട മിന്നും താരങ്ങൾ ഏറെയാണ്.