ചെന്നൈ: തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് തുറന്നു പറഞ്ഞ് പിതാവ് രവിചന്ദ്രന്‍. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെപ്പോലെ താനും ഇന്നലെയാണ് അറിഞ്ഞതെന്നും രവിചന്ദ്രൻ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം ഞാനും അറിഞ്ഞത്.
അവന്‍റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതില്‍ ഇല്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും മറ്റൊരു വശത്തുനിന്ന് ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരമിക്കാനുള്ള തീരുമാനം അവന്‍റെ ആഗ്രഹപ്രകാരം എടുത്തതാണ്. അതില്‍ എനിക്ക് ഇടപെടാനാകില്ല. പക്ഷെ അത് ഇത്രയും വേഗത്തിലാവാന്‍ കാരണം പലതുമുണ്ടാകാം. അത് അശ്വിനെ അറിയു, ഒരുപക്ഷെ അപമാനിതനാകുന്നുവെന്ന തോന്നലാകാം അതിന് കാരണമെന്നും രവിചന്ദ്രൻ പറഞ്ഞു. വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം. എത്രകാലമെന്നുവെച്ചാണ് ഇതൊക്കെ അവന്‍ സഹിക്കുക. അതുകൊണ്ട് അവന്‍ പെട്ടെന്ന് തീരുമാനമെടുത്തതാകാന്‍ സാധ്യതയുണ്ടെന്നും രവിചന്ദ്രന്‍ പറഞ്ഞു.