പേ വിഷബാധ: നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല, പൊതുദർശനവുമില്ല; കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ

തിരുവനന്തപുരം: വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാ​ഗത്ത് നിന്നും നടപടി ഉണ്ടായില്ല. എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് ഹബീറ പറഞ്ഞു. തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

Advertisements

അതേസമയം, നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്. ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടത്തും. പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന നിയ ഫൈസൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. കുട്ടി വെൻറിലേറ്റർ സഹായത്തിലായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. 

ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

മാർച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സീൻ നൽകി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളിൽ മുറിവേറ്റിരുന്നു.

സംസ്ഥാനത്ത് 2021ൽ 11പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ൽ 27 പേർ. 2023 ൽ 25 പേർ. 2024 ൽ 26 പേർ. ഈ വർഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവൻ നഷ്ടപ്പെട്ടത് 20 പേർക്കാണ്. മറ്റുള്ളവർ വാക്സീൻ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

Hot Topics

Related Articles