ആലപ്പുഴ: വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്‍റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്‍റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനു പിന്നാലെ കിടപ്പിലാവുകായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. വാക്സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ഇവിടെ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു. ശാന്തമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ ആശുപത്രിയിലായിരിക്കെ വീട്ടിൽ എലിയെ പിടിക്കാനായി എലിവിഷം പുരട്ടി വെച്ച തേങ്ങാ ക്ഷണം കഴിച്ച് ഇവരുടെ കൊച്ചുമകള്‍ മരിച്ച ദാരുണ സംഭവവും ഉണ്ടായിരുന്നു. രണ്ടു മരണത്തിന്‍റെയും ആഘാതത്തിലാണ് വീട്ടുകാര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 21ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നായിരുന്നു ഇവര്‍ വാക്സിനെടുത്തത്. കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് ഇവരുടെ ആരോഗ്യനില ഗുരുതരമായി കിടപ്പിലാവുകയായിരുന്നു. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും ചുണ്ടികാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുക്കുകയാിരുന്നു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണുവെന്നും അനക്കമില്ലാതായെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പിന്നീട് വെന്റിലേറ്ററിലായിരുന്ന ശാന്തമ്മയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലത്തെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു അവസ്ഥയുണ്ടായതെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. ശാന്തമ്മയുടെ മകള്‍ സോണിയ ആണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നത്.