റാഫേൽ മോശമെന്ന് പ്രചാരണം : വാങ്ങാൻ എത്തുന്നവരെ തെറ്റിധരിപ്പിക്കുന്നു : ചൈനയ്ക്ക് എതിരെ ഫ്രാൻസ്

പാരിസ്: ഫ്രാൻസ് നിർമിത റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രകടനത്തെക്കുറിച്ച്‌ സംശയം പരത്താനും അവ വാങ്ങാനൊരുങ്ങുന്ന രാജ്യങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും ചൈനയുടെ ശ്രമമെന്ന് റിപ്പോർട്ട്.ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമംനടത്തുന്നതെന്ന് ഫ്രഞ്ച് സൈനിക- രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. മേയ് മാസത്തില്‍ പാകിസ്താനുമായി നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

Advertisements

റഫാല്‍ യുദ്ധവിമാനം വാങ്ങാൻ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച്‌ ഇൻഡൊനീഷ്യയെ ഇടപാടില്‍നിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിർമിത യുദ്ധവിമാനങ്ങള്‍ വാങ്ങാൻ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്ന് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍, തകർന്ന റഫാലിന്റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിർമിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയായിരുന്നു റഫാലിന് ‘ചീത്തപ്പേരു’ണ്ടാക്കാനുള്ള ചൈനീസ് നീക്കമെന്നാണ് വിവരം. ചൈനീസ് സാങ്കേതിക വിദ്യയുടെ മേന്മയെക്കുറിച്ചുള്ള പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, റഫാല്‍ വിരുദ്ധ പ്രചാരണത്തില്‍ ഏർപ്പെട്ടുവെന്ന ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു വാർത്താ ഏജൻസിയായ എപിയോടുള്ള ചൈനയുടെ പ്രതികരണം.

ഫ്രാൻസിന്റെ പ്രതിരോധ വ്യവസായത്തില്‍ ഏറെ നിർണായകമാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വില്‍പന. നിർമാതാക്കളായ ദസ്സോ ഏവിയേഷൻ ഇതിനകം 533 റഫാല്‍ യുദ്ധവിമാനങ്ങളാണ് വിറ്റിട്ടുള്ളത്. ഇതില്‍ 323 എണ്ണം ഈജിപ്ത്, ഇന്ത്യ, ഖത്തർ, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെർബിയ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്. 42 യുദ്ധവിമാനങ്ങള്‍ക്ക് കരാർ ഒപ്പിട്ടിരിക്കുന്ന ഇൻഡൊനീഷ്യ ഇനിയും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

Hot Topics

Related Articles