കോട്ടയം: പുതിയ രാഗങ്ങള്‍ സൃഷ്ടിക്കുക അല്ലെങ്കില്‍ ആവിഷ്‌കരിക്കുക എന്നത് അത്യപൂര്‍വ്വ പ്രതിഭാശാലികള്‍ക്ക് മാത്രമേ കഴിയൂയെന്ന് തെളിയിച്ചിരിക്കുകയാണ് സംഗീതം ഉപാസനയാക്കിയ രാഗങ്ങളുടെ കൂട്ടുകാരന്‍ ആണ് കെ.എ. അനീഷ്.
അടുക്കുംതോറും പാരാവാരംപോലെ പരന്നുകിടക്കുന്നതും വളരെ ആഴമേറിയതുമാണ് സംഗീതം. ഉപാസന മാത്രമാണ് സംഗീതത്തെ കൂടുതല്‍ അറിയുവാനുള്ള മാര്‍ഗ്ഗം. പുതിയ രാഗങ്ങള്‍ കണ്ടുപിടിച്ചതിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ കോട്ടയംകാരന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 വര്‍ഷം മുന്‍പ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സംഗീത വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് അറിയപ്പെടാതെ പോയ എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതരുടെ കൃതികള്‍ കാണാന്‍ ഇടയായത്.
‘ശകടാസുര ഭഞ്ജന’ എന്നു തുടങ്ങുന്ന അതിലൊരു കൃതി ചിട്ടപ്പെടുത്തിക്കൊണ്ടാണ് ശാസ്ത്രീയ സംഗീത മേഖലയിലേക്കുള്ള യാത്രയുടെ തുടക്കം. ഗുരുനാഥനായ ആര്‍എല്‍വി കോളജിലെ കുമ്മനം സത്യനേശന്‍ , പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് മാവേലിക്കര പി. സുബ്രഹ്മണ്യം എന്നിവര്‍ ഇത് കേട്ടതിനു ശേഷമുള്ള പ്രോത്സാഹനമാണ് അനീഷിന് കൂടുതല്‍ കൃതികള്‍ ചിട്ടപ്പെടുത്തുവാനുള്ള പ്രേരണയായത്.
52 കൃതികളാണ് കാല്‍ നൂറ്റാണ്ടിന്റെ പരിശ്രമഫലമായി ചിട്ടപ്പെടുത്തിയത്.
ഇക്കാലയളവിലാണ് പുതിയ രാഗങ്ങള്‍ ആവിഷ്‌കരിച്ചത്. കണ്ടുപിടിച്ച 23 രാഗങ്ങളില്‍ 16 രാഗങ്ങളുടെ പ്രഖ്യാപനമാണ് കോട്ടയത്തെ ‘രാഗേന്ദ്രം വെങ്കട്ടരാമരാഗാമൃതം’ പരിപാടിയിലൂടെ നടക്കുന്നത്.
‘രാഗേന്ദ്രം’ എന്ന പേരും പുതിയ രാഗങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്.
സംഗീത പിതാമഹാന്മാരായ ഗുരുക്കന്മാരുടെ അനുഗ്രഹം ആവോളം അനീഷിന് ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാം. കാരണം പുതിയ രാഗങ്ങള്‍ കണ്ടുപിടിക്കുന്നത് ക്ഷിപ്രസാധ്യമല്ല. അതിനു വലിയ തപസ്സിന്റെ അര്‍പ്പണത്തിന്റെ അതിലുപരി അനുഭൂതികളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ചിന്തകളെ ഗവേഷണ ബുദ്ധിയോടും നിരീക്ഷണപാടവത്തോടും ചലിപ്പിക്കണം.
രാഗേന്ദ്രം ലോക സംഗീതത്തിനൊരു മുതല്‍ക്കൂട്ടാകുമന്ന വിശ്വാസമാണ് സംഘാടക സമിതിക്കുള്ളത്.
ഈ കൃതികളെല്ലാം സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ പാകത്തില്‍ പുസ്തകരൂപത്തിലും സിഡി രൂപത്തിലും തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രകാശനവും രാഗേന്ദ്രം പരിപാടിയില്‍ നടക്കും.
മധുരിത, അമൃതശ്രീ, അനന്തശ്രീ, പാര്‍ത്ഥമുഖ, സത്യശ്രീ, വിമലശ്രീ, തേജസ്വനി, ശരണശ്രീ, നേത്ര, വേദ, കാര്‍ത്തിക, ലളിതശ്രീ, ഭൈമി, നീലഗന്ധി, മംഗളധ്വനി, രാമശ്രീ എന്നീ പേരുകളാണ് 16 രാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. നേത്ര, വേദ എന്നീ രാഗങ്ങള്‍ രണ്ട് സ്വരങ്ങള്‍ മാത്രം വരുന്ന രാഗങ്ങളാണ്. ഇത് ലോകസംഗീതത്തില്‍ തന്നെ ആദ്യത്തെതാണ്.
9 വയസില്‍ ഗാനമേളകളില്‍ പാടിയാണ് അനീഷിന്റെ സംഗീത ലോകത്തേക്കുള്ള കാല്‍വെപ്പ്. തൗബ എന്ന മാപ്പിളപ്പാട്ട് കാസറ്റാണ് അനീഷിന്റെ സംഗീത സംവിധാനത്തില്‍ ആദ്യം പുറത്തിറങ്ങിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ദേവരാഗം എന്ന മെഗാ സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും, ഒരു കാമ്പസ് കഥ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തും പൂമരം, ഗണിതം എന്ന ചിത്രങ്ങളിലൂടെ ചലച്ചിത്രഗാന സംവിധാനരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, ബിച്ചു തിരുമല, മുരുകന്‍ കാട്ടാക്കട എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് അനീഷിന്റെ സംഗീതസപര്യയുടെ വെള്ളിവെളിച്ചമാണ്.
14ന് വൈകിട്ട് 4.30 മുതല്‍ മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന രാഗേന്ദ്രം പരിപാടി ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സംഗീത വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പാകത്തിന് അനീഷ് ചിട്ടപ്പെടുത്തിയ വെങ്കട്ടരാമരാഗാമൃതം കൃതികളുടെ സിഡി പ്രകാശനം മന്ത്രി വി.എന്‍. വാസവനും വെങ്കട്ട രാമരാഗാമൃതം കൃതികളുടെ പുസ്തക പ്രകാശനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനനതപസ്വിയും നിര്‍വഹിക്കും.
സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി. ജയനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദരിക്കും. ചരിത്ര ഗവേഷകനും ചരിത്ര അധ്യാപകനുമായ പത്മശ്രീ ഡോ. പ്രൊഫ. സി.ഐ. ഐസക്കിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍ എ ആദരിക്കും. എണ്ണപ്പാടം വെങ്കട്ടരാമഭാഗവതരുടെ ഛായാചിത്രം എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പിക്കും.
അമൃതനടനത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പടി എന്നിവ പുതിയ രാഗങ്ങളില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കും. രാഗതരംഗിണിയില്‍ പ്രശസ്ത സംഗീതാദ്ധ്യാപികമാര്‍ പുതിയ രാഗത്തെ ആസ്പദമാക്കിയുള്ള കീര്‍ത്തനങ്ങളുടെ അവതരണം നടത്തും.
രാഗാമൃതത്തില്‍ എണ്ണപ്പാടം വെങ്കട്ട രാമകൃതികളുടെ പുനരാവിഷ്‌കരണവും പുതിയ രാഗങ്ങളുടെ ആവിഷ്‌കാരവും ചെന്നൈ കലാക്ഷേത്ര ഗസ്റ്റ് ലെക്ചറര്‍ വിജീഷ് വേണു അവതരിപ്പിക്കും. രാഗവര്‍ഷിണിയില്‍ യുവ സംഗീതജ്ഞനും വേള്‍ഡ് ഗിന്നസ് ജേതാവുമായ എം എസ് വിശ്വനാഥന്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിക്കും. സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം പൗരാവലിയും അമൃതം മ്യൂസിക് സ്‌കൂളും സംയുക്തമായിട്ടാണ് രാഗേന്ദ്രം സംഘടിപ്പിക്കുന്നത്.