റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത് സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണം സെർട്ടിഫൈഡ് ചെക്കായി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണോ അതോ കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണോ എന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും. പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ എംബസിയും സഹായ സമിതിയും. ഇക്കാര്യത്തിൽ ഗവർണറേറ്റിെൻറ അറിയിപ്പുണ്ടായാൽ ഉടൻ ദിയ ധനമായ 1.5 കോടി സൗദി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) പണം സമാഹരിക്കാൻ നേതൃത്വം നൽകിയ ട്രസ്റ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ എംബസി തുക സെർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് നൽകും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പ്രധാനഘട്ടം പൂർത്തിയാകും. പിന്നീട് ഇരു വിഭാഗത്തിൻ്റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും. അപ്പോഴേക്കും ഗവർണറേറ്റിൽ നിന്ന് രേഖകൾ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകും എന്നാണ് വിദഗ്ദ്ധർ അറിയിച്ചത്. റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.