ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ ആവശ്യം അംഗീകരിച്ചു. രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടതില്ല. പകരം തിങ്കളാഴ്ച ഹാജരാകണമെന്ന് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. മാതാവിന് സുഖമില്ലാത്തതിനാൽ കൂടെ നിൽക്കണമെന്നും ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ കഴിഞ്ഞ ദിവസം ഇഡിക്ക് കത്ത് അയച്ചത്. അതിനിടെ, അസുഖ ബാധിതയായി ഡെൽഹിയിലെ ഗംഗറാം ആശുപത്രിയിൽ കഴിയുന്ന സോണിയ ഗാന്ധിയെ രാഹുൽ ഗാന്ധി ഇന്നലെ സന്ദർശിച്ചു.
ഇന്നലെ രാത്രിയാണ് രാഹുൽ ഗാന്ധി ഗംഗറാം ആശുപത്രിയിൽ എത്തിയത്. അമ്മയെ പരിചരിക്കുന്നതിന് രാഹുൽ ഗാന്ധി ഒരു ദിവസം ആശുപത്രിയിൽ തങ്ങുമെന്നാണ് വിവരം. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിഷധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേന്ദ്ര സർക്കാർ നടപടി കടുപ്പിക്കുമ്ബോൾ പ്രതിഷേധം സജീവമായി നിലനിർത്താനാണ് എഐസിസിയുടെ തീരുമാനം. എഐസിസി ആസ്ഥാനത്ത് ചേർന്ന നേതൃയോഗത്തിലാണ് ധാരണയായത്. ഞായാറാഴ്ച മുഴുവൻ എംപിമാരോടും ഡെൽഹിയിലെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ഉണ്ടായാൽ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.