അഹമ്മദാബാദ് : അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍. പത്തിലേറെ അപകീര്‍ത്തി കേസുകള്‍ രാഹുലിനെതിരെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശവും വിധിയില്‍ ഇടംപിടിച്ചു. ജസ്റ്റിസ് ഹേമന്ത് പ്രച്ചകിന്റെ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
‘അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ നിലനില്‍ക്കുന്നതല്ല. വിധി സ്റ്റേ ചെയ്യണമെന്നത് നിയമമല്ല. പത്തിലേറെ കേസുകള്‍ രാഹുലിനെതിരെയുണ്ട്. സ്റ്റേ അനുവദിക്കാതിരിക്കുന്നത് ഹര്‍ജിക്കാരന് നീതി നിഷേധിക്കുകയല്ല. അതിനുള്ള യുക്തിസഹമായ കാരണങ്ങളില്ല. കുറ്റക്കാരനെന്നുള്ള വിധി നീതിയുക്തവും നിയമപരവുമാണ്.’ – കോടതി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയത്തില്‍ വിശുദ്ധി ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ‘ഗാന്ധിക്കെതിരെ വീര്‍സവര്‍ക്കറിന്റെ പൗത്രൻ പൂനെ കോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചിട്ടുണ്ട്. കാംബ്രിജില്‍ രാഹുല്‍ നടത്തിയ വാക്കുകള്‍ക്കെതിരെയാണിത്. രാഷ്ട്രീയത്തില്‍ വിശുദ്ധി ആവശ്യമാണ്’ – ജസ്റ്റിസ് ഹേമന്ത് പ്രച്ചക് കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോലാറില്‍ നടത്തിയ പ്രഭാഷണത്തിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് ഒരേ തറവാട്ടുപേര് വന്നത് എന്നാണ് രാഹുല്‍ ചോദിച്ചിരുന്നത്. പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്.