കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചത്. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് രംഗത്തെത്തി.
നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാൽ ഘോഷ് ആരോപിച്ചു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോൺഗ്രസ് മൂടിവയ്ക്കുകയാണ്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പശ്ചിമ ബംഗാളിൽ നടന്ന സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിന ആഘോഷങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്തിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്ന് മമത പറഞ്ഞു. അദ്ദേഹം മരിച്ചെങ്കിൽ അത് എങ്ങനെയെന്നോ എപ്പോഴെന്നോ അറിയില്ല. അദ്ദേഹം വലിയ ഗൂഢാലോചനയുടെ ഇരയാണെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനിൽക്കുമെന്നും മമത കൂട്ടിച്ചേർത്തു.
1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചെന്നായിരുന്നു രാഹുലിന്റെ പോസ്റ്റിലുള്ളത്. ‘മഹാനായ വിപ്ലവകാരിയും ആസാദ് ഹിന്ദ് ഫൗജിൻ്റെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ ഹൃദയംഗമമായ ആദരാഞ്ജലികൾ. നേതാജിയുടെ നേതൃത്വം, ധൈര്യം, സാമൂഹ്യനീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം, സഹിഷ്ണുതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്നിവ ഇന്നും ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കുന്നു. ഭാരതമാതാവിൻ്റെ അനശ്വര പുത്രന് ജയ് ഹിന്ദ്’. രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.