ഡൽഹി: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഓരോ മകൾക്കും ആത്മാഭിമാനമാണ് വലുത്. മെഡലുകളും മറ്റ് ബഹുമതികളും അതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്സ്’ ഹാൻഡിൽ പോസ്റ്റിലൂടെയാണ് രാഹുൽ വിനേഷിനോട് ഐക്യദാർഢ്യം അറിയിച്ചത്.
ഒരു പ്രഖ്യാപിത ബാഹുബലിയിൽ നിന്ന് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളുടെ വില ഈ ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ? പ്രധാനമന്ത്രി രാജ്യത്തിന്റെ കാവൽക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുസ്തി താരങ്ങളോടുള്ള അനീതിയിൽ പ്രതിഷേധിച്ച് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരവും അർജുന അവാർഡും തിരിച്ചുനൽകുമെന്ന് അറിയിച്ച് വിനേഷ് ഫോഗട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും സർക്കാർ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും വിനേഷ് കത്തിൽ വ്യക്തമാക്കി. തുടർന്ന് ശനിയാഴ്ച ഫോഗട്ട് പുരസ്കാരം മടക്കി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനാൽ കർത്തവ്യപഥിൽ അർജുന, ഖേൽ രത്ന പുരസ്കാരങ്ങൾ വച്ച് മടങ്ങുകയായിരുന്നു.