ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.

‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്‌ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ലഭിച്ചാൽ എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ വോട്ട് മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും. രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിൽ തേജസ്വി യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ വിമർശനം. ബിഹാറിലും ദില്ലിയിലും ഇന്ത്യാ മുന്നണി സർക്കാർ അധികാരത്തിൽ വരുന്ന ദിവസം വരുമെന്നും അന്ന് ഈ മൂന്ന് പേർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ ഒപ്പിട്ട സത്യവാങ്മൂലമായി നൽകാൻ രാഹുൽ ഗാന്ധിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ ഏഴ് ദിവസം സമയം നൽകിക്കൊണ്ട് അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

അല്ലാത്തപക്ഷം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസാധുവുമായി കണക്കാക്കപ്പെടും. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പറഞ്ഞിരുന്നു.