“മാച്ച് ഫിക്സ്ഡ്”; ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തെളിവുകൾ ഇല്ലാതാക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനു ശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്‌കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ”മാച്ച് ഫിക്സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 

Advertisements

ഇക്കഴിഞ്ഞ മെയ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കയച്ച കത്തിലാണ് 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്‌കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വിവാദ നിര്‍ദ്ദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ദുരുദ്ദേശപരമായ പ്രചാരണം തടയാനെന്ന പേരിലാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് ഫലം 45 ദിവസത്തിനുള്ളില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടില്ലെങ്കില്‍ നശിപ്പിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ഫലം വന്ന് പരാതികളുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഈ സമയ പരിധി കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സമയവും 45 ദിവസമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴി‍ഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു. പിന്നാലെയാണ് അടുത്ത നിര്‍ദ്ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. നല്‍കാനാവില്ലെന്നും വോട്ടര്‍ പട്ടിക ലഭ്യമാക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം.

പുതിയ നിര്‍ദ്ദേശത്തില്‍ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചു നിയമം മാറ്റി മറച്ചു വച്ചു. വോട്ടര്‍ പട്ടിക ചോദിച്ചു തന്നില്ല. ഇപ്പോള്‍ ദൃശ്യങ്ങളും. നിശ്ചയിച്ച് നടത്തുന്ന ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ വിഷമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിമര്ശനം കടുപ്പിക്കുന്നത്. വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുന്നുണ്ടെങ്കിലും കമ്മീഷന്‍ സമയം അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു.

Hot Topics

Related Articles