ദില്ലി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നാണ് കത്തിൽ രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നമ്മൾ ഒന്നിച്ച് പോരാടി മാറ്റം കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി കത്തില്‍ കുറിച്ചിരിക്കുന്നു.
അതേസമയം സംവരണത്തിന്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നും രാഹുൽ ഗാന്ധി നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയർത്തും, ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്, ജനങ്ങള്‍ക്കുള്ള അധികാരമെല്ലാം ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.