പനാജി: കോൺഗ്രസിൽ വീണ്ടും കൂറുമാറ്റം. ഗോവയിൽ കോൺഗ്രസിന്റെ പതിനൊന്ന് എം എൽ എമാരിൽ എട്ട് പേർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. ബിജെപിയിൽ എത്തിയവരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗതം ചെയ്തു. പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗബലം ഉള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാർ അയോഗ്യരാക്കപ്പെടില്ല.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് കോൺഗ്രസ് എം എൽ എമാർ പാർട്ടിയിൽ എത്തിയവിവരം അറിയിച്ചത്. മൈക്കിൾ ലോബോയും ദിഗംബർ കാമത്തും കോൺഗ്രസ് വിടുന്നതായുള്ള അഭ്യൂഹങ്ങൾ ജൂലായിൽതന്നെ പ്രചരിച്ചിരുന്നു. പിന്നാലെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇരുവരെയും അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവിന്റെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നു. എന്നാൽ ഇത് സംബന്ധിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഞെട്ടിച്ചുവെന്നായിരുന്നു കാമത്തിന്റെ പ്രതികരണം. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ബിജെപിയിൽ പ്രവർത്തിക്കുകയായിരുന്ന മൈക്കൽ ലോബോയും പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് ചിന്തയില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ കൂറുമാറ്റ പ്രതിസന്ധി കൈകാര്യം ചെയ്യാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെയായിരുന്നു അദ്ധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നത്.
നാൽപ്പത് എം എൽ എമാരുള്ള ഗോവ വിധാൻ സഭയിൽ 25 എം എൽ എമാരാണ് ബിജെപിക്കുള്ളത്. എട്ട് കോൺഗ്രസ് എം എൽ എമാർ കൂടി എത്തുന്നതോടെ അംഗബലം 33 ആയി ഉയരും. കോൺഗ്രസിൽ ആകെ ശേഷിക്കുന്നത് മൂന്ന് എം എൽ എമാരാണ്. ഗോവ ഫോർവേർഡ് പാർട്ടിയുടെ എം എൽ എയുടെ പിന്തുണയും കോൺഗ്രസിനുണ്ട്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കേരളത്തിൽ പദയാത്ര നടത്തവേയാണ് ഗോവയിൽ എം എൽ എമാരുടെ കൊഴിഞ്ഞുപോക്ക്. ഇന്ന് കൊല്ലത്താണ് പദയാത്ര നടക്കുന്നത്. നാളെ കൊല്ലത്ത് പൂർണമായും വിശ്രമിച്ചശേഷം മറ്റെന്നാളാണ് യാത്ര പുനരാരംഭിക്കുക.